സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.04% വിജയം
ന്യൂഡല്‍ഹി : സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. റജിസറ്റര്‍ ചെയ്ത 20,97,128 പേരില്‍ 20,76,997 പേര്‍ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. 99.99% വിജയം. ബെംഗളൂരു(99.96), ചെന്നൈ(99.94) മേഖലകള്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തി 90.54% വിജയവുമായി 16 മേഖലകളില്‍ ഏറ്റവും പിന്നില്‍.
വിജയത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. 99.24% പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 98.89 ആണ്. 95 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നേടിയതു 57,824 പേര്‍(2.76%). 90 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നേടിയതു 2,00,962 പേര്‍(9.58%).
കേന്ദ്രീയ വിദ്യാലയങ്ങളില്‍ 100 ശതമാനം വിജയം. cbseresults.(dot) nic.(dot) in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ഡിജിലോകെര്‍ വെബ്സൈറ്റ് digilocker.(dot)gov.(dot) in ലും ഫലം അറിയാം. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു.
തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പ്രകാരം ഒരോ വിഷയത്തിലെയും 20 മാര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലേ പോലെ ഇന്റേണല്‍ അസസ്‌മെന്റിനും 80 മാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷം നടന്ന വിവിധ പരീക്ഷകളുടെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലുമാണ്.