97 സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി; 12 -ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍പ്പെടുത്തി 197 സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഉടന്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 1000 സ്‌കൂളുകളിലാണ് പദ്ധതി ഉണ്ടാവുക. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 12 ാം വാര്‍ഷികാഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളാപൊലീസ് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്ത അഭിമാന പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതി ഏറ്റെടുത്തു. പല വിദേശ രാജ്യങ്ങളും അവരുടെ ജീവിത സാഹചര്യം അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി പദ്ധതി നടപ്പിലാക്കാന്‍ തയ്യാറായത് വലിയ അംഗീകാരം തന്നെയാണ്. പഠനത്തോടൊപ്പം ജീവിതവും കരുപ്പിടിപ്പിക്കാന്‍ ഉതകുന്ന പ്രസ്ഥാനമായ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റേത് ചിട്ടയായതും മാതൃകാപരവുമായ പ്രവര്‍ത്തനമാണ്. മഹാമാരിയും വെള്ളപ്പൊക്കവും നാട് ഉലച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എസ്‌പി.സി കേഡറ്റുകള്‍ ഓടിയെത്തി. ലഹരി മരുന്നിന്റെ ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ നിതാന്ത ജാഗ്രതയാണ് എസ്‌പി.സി പുലര്‍ത്തുന്നത്.
ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതിന് എസ്‌പി.സിയോളം നല്ലൊരു പദ്ധതി നിലവിലില്ല. എസ്‌പി.സിയുടെ ഗുണഫലം കഴിയുന്നത്ര കുട്ടികളിലേക്ക് എത്തിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.