TOP NEWS| പരിവര്‍ത്തിത ക്രിസ്ത്യന്‍ വികസന കോര്‍പറേഷന്‍ വഴി ദളിത് ക്രൈസ്തവര്‍ക്കു കൂടുതല്‍ സഹായം ലഭ്യമാക്കും

0

 

തിരുവനന്തപുരം: സംസ്ഥാന പരിവര്‍ത്തിത ക്രിസ്ത്യന്‍ വികസന കോര്‍പറേഷന്‍ വഴി ദളിത് ക്രൈസ്തവര്‍ക്കു ധനസഹായം അടക്കമുള്ള കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ ഗ്രാന്‍ഡ് കൊണ്ടു മാത്രമാണു കോര്‍പറേഷന്‍ പ്രവര്‍ത്തനം.

ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. ക്രിസതുമതം സ്വീകരിച്ച പട്ടിക ജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിനു മാത്രം കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ കൂടി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഈ വിഭാഗങ്ങളുടെ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 2020 ജനുവരിയിലാണു വര്‍ധിപ്പിച്ചത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിനെ ഒഇസിയില്‍ പെടുത്തി പട്ടിക ജാതി വിഭാഗങ്ങള്‍ക്കു നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വരുമാന പരിധിയില്ലാതെ നല്‍കുന്നു. ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒബിസി വിഭാഗത്തിലാണ് തൊഴില്‍ സംവരണം നല്‍കുന്നത്. ലാസ്റ്റഗ്രേഡ് വിഭാഗത്തില്‍ രണ്ടു ശതമാനവും മറ്റു വിഭാഗങ്ങളില്‍ ഒരു ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

You might also like