ജ്വല്ലറി പരസ്യത്തില്‍ വധുവിന്‍റെ ചിത്രം ഒഴിവാക്കണം’; അഭ്യര്‍ത്ഥനയുമായി ഗവർണർ

0

കേരളത്തിലെ ആഭരണ നിര്‍മാതാക്കള്‍ വധുവിന്‍റെ ചിത്രമുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഭരണം ഒരിക്കലും വധുവുമായി ചേര്‍ത്തുവെക്കരുത്. ഇത്തരം പരസ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കുമെന്നും വധുവെന്നാല്‍ ആഭരണവിഭൂഷിതമാകണമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊല്ലത്തെ വിസ്മയയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണർ സ്ത്രീധനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആഭരണ നിര്‍മാതാക്കള്‍ ആഭരണങ്ങളുടെ ഫോട്ടോയോ യുവതികളുടെയോ വീട്ടമ്മമാരുടെയോ അഭിനേതാക്കളുടെയോ ചിത്രങ്ങളോ ഉപയോഗിക്കട്ടെയെന്നും ഗവർണർ ആവശ്യപ്പെട്ടു. വിസ്മയയുടെ മരണം കേരള പൊതുമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ആ പെണ്‍കുട്ടിയുടെ ത്യാഗത്തിന് നല്‍കിയ പ്രാര്‍ഥനയും പ്രതീക്ഷയും നഷ്ടമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വൈസ് ചാന്‍സലര്‍മാര്‍ തന്നെയാണ് ഇങ്ങനെയാരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

You might also like