ലണ്ടന്‍, വെസ്റ്റ് മിനിസ്റ്റർ പാലത്തിലെ സഞ്ചാരികളൾക്ക് സുവിശേഷവുമായി മലയാളി
ലണ്ടന്‍ പട്ടണത്തിലെ ഏറ്റവും ജനത്തിരക്കേറിയ വെസ്റ്റ് മിനിസ്റ്റർ പാലത്തിലൂടെ കടന്നു പോകുന്നവർ സ്ഥിരമായി കാണുന്ന സവിശേഷമായ ഒരു കാഴ്ചയുണ്ട്. പാലത്തിന്‍റെ മധ്യഭാഗത്തായി മീഡിയനോടു ചേർന്ന് സുവിശേഷ സന്ദേശം അടങ്ങിയ ബോർഡും പിടിച്ചിരിക്കുന്ന മലയാളിയായ ഇവാ. ഏബ്രഹാം പുത്തന്‍പുരയ്ക്കല്‍ സഞ്ചാരികളുടെ മനസ്സില്‍ കൗതുകം ഉണർത്തുന്ന കാഴ്ചയാണ്.
ലണ്ടന്‍ പാർലിമെൻ്റ് സമുച്ചയവും എലിസബത്ത് രാജ്ഞിയുടെ കൊട്ടാരവും സ്ഥിതി ചെയ്യുന്ന രാജ്യത്തിന്‍റെ സിരാകേന്ദ്രം സന്ദർശിക്കാന്‍ പതിനായിരങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്.
റാന്നി സ്വദേശിയായ ഇവാ.ഏബ്രഹാം പുത്തന്‍പുരയ്ക്കല്‍ ജനത്തിരക്കേറിയ ഈ പാലത്തില്‍ ഇരിപ്പു തുടങ്ങിയിട്ട് വർഷം അഞ്ചായി. ഞായർ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അതുവഴി കടന്നുപോകുന്ന യാത്രക്കാർക്ക് ലഘുലേഖ വിതരണം ചെയ്തും ആവശ്യക്കാർക്ക് ബൈബിള്‍ കൊടുത്തും സുവിശേഷം പങ്കുവയ്ക്കുന്നു. കൊറോണ വൈറസിൻ്റെ വ്യാപനം മൂലം പ്രവർത്തനം തല്ക്കാലത്തേയ്ക്ക് നിർത്തിവയ്ക്കേണ്ടി വന്നുവെങ്കിലും ജീവിതം സാധാരണ നിലയിലായാൽ ദൈവം ഏല്പിച്ച ശുശ്രൂഷ തുടരുവാനുള്ള ആവേശത്തിലാണ് ഈ സുവിശേഷകൻ. പ്രായം 77 പിന്നിട്ടുവെങ്കിലും സുവിശേഷത്തോടുള്ള എരിവ് ഹൃദയത്തെ ചൂടുപിടിപ്പിക്കുന്നതു കൊണ്ട് പ്രായത്തിന്‍റെ പരിമിതികള്‍ വകവയ്ക്കാതെ പരമ വിളിയുടെവിരുതിനായി ദൈവം ഏല്‍പ്പിച്ച ശുശ്രൂഷയുമായി ലാക്കിലേക്ക് ഓടുകയാണ് ഇവാ.ഏബ്രഹാം. സ്വന്തമായി ക്രിസ്തീയ പുസ്തകശാല നടത്തുന്ന ഈ സുവിശേഷകന്‍ ഭാര്യ ശോശാമ്മയുമായി രാവിലെ വീട്ടില്‍ നിന്നുംയാത്ര തിരിക്കും. ഭാര്യയെ പുസ്തകശാലയുടെ ചുമതല ഏല്‍പിച്ച് നേരെ വെസ്റ്റ് മിനിസ്റ്റർ പാലത്തില്‍ എത്തിതന്‍റെ മിനിസ്ട്രി ആരംഭിക്കും.
റാന്നിയില്‍ ഒരു യാക്കോബായ കുടുംബത്തില്‍ ജോസഫ് – ഏല്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഏബ്രഹാംപുത്തന്‍ പുരയ്ക്കല്‍ 1978 ല്‍ ബിസിനസിനോടുള്ള ബന്ധത്തില്‍ ജർമ്മനിയില്‍ പോയി. എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ചു ജീവിതം മുന്നോട്ടു പോയെങ്കിലും മദ്യത്തിനു അടിമയായതു മൂലം ജീവിതത്തിൻ്റെ താളം തെറ്റി. സമാധാനം നഷ്ടപ്പെട്ട ഏബ്രഹാമിന്‍റെ ജീവിത തോണി നിരാശയുടെ നീർച്ചുഴിയിലേക്ക് നിപതിച്ചു.
ഒരു ദിവസം വീട്ടില്‍ നിന്നും സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ തെന്നി വീണ് ഏബ്രഹാമിന്‍റെ കാലിന് ഒടിവു സംഭവിച്ചു. ശാരീരികവും മാനസ്സികവുമായി വേദനപ്പെട്ടിരിക്കുമ്പോഴാണ് പതിവായി ഷോപ്പിൽ വന്ന് സുവിശേഷം പങ്കുവയ്ക്കാറുള്ള പാസ്റ്റർ കരുണാകരനില്‍ നിന്നും അടുത്ത ദിവസം നടക്കുന്ന സുവിശേഷ യോഗത്തെ കുറിച്ച് അറിഞ്ഞത്.
ഒടിഞ്ഞ കാലും തകർന്ന മനസ്സുമായി വിശ്വാസത്തോടെ യോഗസ്ഥലത്ത് ചെന്ന് വചനം കേട്ട് പ്രാർത്ഥനയ്ക്കായി ദൈവ സന്നിധിയില്‍ സമർപ്പിച്ച ഏബ്രഹാമിനെ ദൈവത്തിന്‍റെ അത്ഭുത കരം സ്പർശിക്കാന്‍ ഇടയായി. പരിശുദ്ധാത്മ ശക്തിയാല്‍ ബലപ്പെട്ട ഏബ്രഹാം വിശ്വാസത്തോടെ ചുവടുകള്‍ വെച്ച് നടക്കാന്‍ തുടങ്ങി. ഒടിഞ്ഞുപോയ അസ്ഥികള്‍ ബലപ്പെട്ടിരിക്കുന്നു.
പിറ്റേ ദിവസം ആശുപത്രിയില്‍ ചെന്ന് എക്സ്റേ എടുത്തു പരിശോധിച്ചു. എക്സ്റേ കണ്ട ഡോക്ടർക്കും അത്ഭുതമായി.
1993 ല്‍ 50-ാം വയസ്സിലാണ് ഏബ്രഹാം പുത്തന്‍പുരയ്ക്കല്‍ യേശുവിനു വേണ്ടി ഹൃദയം കൊടുത്തത്. നിരാശയുടെയും അശാന്തിയുടെയും തിരയില്‍പ്പെട്ട് ആടി ഉലഞ്ഞ് ലക്ഷ്യം തെറ്റിയ ജീവിതപടകില്‍ യേശു അമരക്കാരനായപ്പോള്‍ ശേഷിച്ച ജീവിതം കർത്തൃസേവയ്ക്കായി സമർപ്പിച്ചു.
കാല്‍ നൂറ്റാണ്ടായി സുവിശേഷീകരണവും ആതുര സേവനവുമായി മുന്നേറുന്ന ഇവാ.ഏബ്രഹാം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായി നൂറുകണക്കിനു ബൈബിളുകള്‍ സൗജന്യമായി വിതരണം ചെയ്തു. വേദനിക്കുന്നവന്‍റെയും ദുരിതമനുഭവിക്കുന്നവന്‍റെയും അരികില്‍ കരുണയുടെ കരങ്ങളുമായി കടന്നു ചെന്നു. പൊലിഞ്ഞു പോകാവുന്ന അനേകരുടെ ജീവിത സ്വപ്നങ്ങളില്‍ പ്രതീക്ഷയുടെ വർണ്ണചിറകുകള്‍ തുന്നിചേർത്തു. കോവിഡ് മൂലം പ്രതിസന്ധിയിലായ ഒട്ടേറെ സുവിശേഷകർക്ക് സഹായമെത്തിക്കുവാനും തനിക്കു കഴിയുന്നു.
ഇവാ.ഏബ്രഹാം – ശോശാമ്മ ദമ്പതികള്‍ക്ക് ദൈവം മൂന്ന് ആണ്‍മക്കളെ നല്‍കി. സന്തോഷ്, പാസ്റ്റർ ആനന്ദ്, വിനോദ്. കഴിഞ്ഞ 14 വർഷമായി മൂത്തമകന്‍ കെന്‍റ് പെന്തക്കോസ്തല്‍ ചർച്ചിന്‍റെ ശുശ്രൂഷകനായ പാസ്റ്റർ ആനന്ദിന്‍റെ കൂടെയാണ് ഇവാ.ഏബ്രഹാം താമസിക്കുന്നത്.
ദൈവം നല്‍കുന്ന ആയുസ്സു മുഴുവന്‍ കർത്തൃസേവക്കായി ചിലവഴിച്ച് നല്ലവനും വിശ്വസ്തനും ആയ ദാസനെഎന്ന വിളിക്കായി കാതോർത്ത് സുവിശേഷ വയലില്‍ ഊർജ്ജസ്വലതയോടെ മുന്നോട്ടു കുതിക്കുകയാണ് ഈ സുവിശേഷകന്‍.