‘പണമൊന്നും എടുത്തിട്ടില്ല, കാബൂൾ വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ’: അഷ്‌റഫ് ഗനി
രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് രാജ്യംവിട്ടതെന്നും പ്രസിഡന്റ് കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ പണമൊന്നും കൈവശപ്പെടുത്തിയിരുന്നില്ലെന്നും അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. നിറയെ പണവുമായാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്ന് റഷ്യൻ എംബസി വക്താവ് നികിത ഐഷൻകോയെ ഉദ്ധരിച്ച് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അഷ്‌റഫ് ഗനിയുടെ പ്രതികരണം.
‘ഞാൻ അവിടെ നിന്നിരുന്നുവെങ്കിൽ കാബൂള്‍ രക്തച്ചൊരിച്ചിലിന് സാക്ഷ്യംവഹിക്കുമായിരുന്നു’ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത പുതിയ വീഡിയോയിൽ ഗനി പറയുന്നു. യുഎഇയിലാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യത്തെ പ്രതികരണമാണിത്. അധികാര തർക്കങ്ങളുടെ പേരിൽ കാബൂളിനെ മറ്റൊരു യെമൻ അല്ലെങ്കിൽ സിറിയയാക്കരുത്. അതുകൊണ്ടാണ് രാജ്യം വിടാൻ നിർബന്ധിതനായത്-അഷ്‌റഫ് ഗനി പറഞ്ഞു.