TOP NEWS| യുകെയിലേക്ക് 20,000 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍: സഹായിക്കുവാന്‍ നൂറിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍

0

 

യുകെയിലേക്ക് 20,000 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍: സഹായിക്കുവാന്‍ നൂറിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍

ലണ്ടന്‍: താലിബാന്റെ ഭരണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ അഫ്ഗാനിസ്ഥാന്‍ വിട്ട് യുകെയിലെത്തുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി രാജ്യത്തെമ്പാടുമുള്ള നൂറിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കൈകോര്‍ക്കുന്നു. ഭവനരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും താമസസ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഹോം ഫോര്‍ ഗുഡ്’ മറ്റൊരു സന്നദ്ധ സംഘടനയായ ‘ഹോസ്പിറ്റാലിറ്റി പ്ലഡ്ജ്’മായി സഹകരിച്ച് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍ പങ്കാളിയാകുന്നത്. അഫ്ഗാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളെ സഹായിക്കുവാന്‍ തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് നൂറിലധികം ദേവാലയങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന്‍ ഹോം ഫോര്‍ ഗുഡിന്റെ സ്ഥാപകനായ ഡോ. ക്രിഷ് കാന്‍ഡിയായും ഹോസ്പിറ്റാലിറ്റി പ്ലഡ്ജിന്റെ നേതാവുമാണ് പ്രീമിയര്‍ ന്യൂസിനോട് വെളിപ്പെടുത്തിയത്.

അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി അടിയന്തിര സഹായ നിധിയ്ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. യുകെയുടെ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി പദ്ധതിയില്‍ സ്തീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന. അഭയാര്‍ത്ഥികള്‍ വളരെ കുറച്ച് സാധനങ്ങളുമായാണ് വരുന്നതെന്നും, അതിനാല്‍ പ്രായോഗിക സഹായങ്ങള്‍ ചെയ്യുന്നതിനായി ഹോം ഓഫീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും ഡോ. ക്രിഷ് കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികള്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കണ്ടെത്തുവാന്‍ ദേവാലയങ്ങള്‍ക്ക് കഴിയുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഏതാണ്ട് നൂറുപേരടങ്ങുന്ന സംഘങ്ങളായാണ് അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ പാര്‍പ്പിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ ക്രിഷ്, കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഹോട്ടലുകളില്‍ കഴിയുന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍, ക്രിസ്ത്യന്‍ സമ്മേളന സ്ഥലങ്ങളും, ധ്യാനകേന്ദ്രങ്ങളും ഇതിനായി വിട്ടുനല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക പുനരധിവാസ പദ്ധതിയിലൂടെ ഏതാണ്ട് ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ക്ക് യു.കെ അഭയം നല്‍കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസ്താവിച്ചിരിന്നു. വരും വര്‍ഷങ്ങളില്‍ അവര്‍ യുകെയിലെത്തുമെന്ന്‍ പറഞ്ഞ ബോറിസ് ജോണ്‍സണ്‍ അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ ഇതില്‍ അയ്യായിരത്തോളം പേരെ യുകെയില്‍ എത്തിക്കുവാനാണ് ശ്രമമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

You might also like