പൊങ്ങച്ചക്കാരായ രക്ഷിതാക്കളും വലയുന്ന വിദ്യാര്‍ത്ഥികളും
കഴിഞ്ഞ ദിവസം മലയാള മനോരമ ദിനപത്രത്തില്‍ വന്നതായ ഒരു വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചികളും താല്പര്യങ്ങളും ബലികഴിക്കുന്നുവെന്ന് ബഹു: ഹൈകോടതി അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുവാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ച് ഓടുന്ന പ്രവണത മറ്റൊരിടത്തുമില്ല. ഇപ്രകാരമുള്ള കോഴ്‌സുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണം ഇതാണ്. സമ്പൂര്‍ണ്ണ സാക്ഷരത എന്ന് മേനി നടിക്കുന്ന കേരളത്തില്‍ കലാകായിക മേഖകളിലെ കുട്ടികളുടെ അഭിരുചികള്‍ ബലിക്കഴിക്കപ്പെടുന്നു. ഓരോ വിഷയത്തിനും മിനിമം പത്ത് മാര്‍ക്കുപോലും നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ അവരവരുടെ അഭിരുചിക്ക് അനുസരിച്ചു പഠിക്കാന്‍ വിടുകയാണ് വേണ്ടതെന്ന് ഹൈകോടതി വ്യക്തമാക്കി. മെറിറ്റ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍ പറത്തി ഉയര്‍ന്ന ഫീസ് മാത്രം ലക്ഷ്യമിട്ട് പ്രവേശനം തുടര്‍ന്നാല്‍ വിദ്യാഭ്യാസം കേവലം കച്ചവടമായി മാറും. തൊഴിലില്ലാത്ത എഞ്ചിനീയറുമാരെയും ചികിത്സയ്ക്ക് വേണ്ടി രോഗികള്‍ക്ക് സമീപിക്കാന്‍ കഴിയാത്ത ഡോക്ടര്‍മാരെയും അത് സൃഷ്ടിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. (കടപ്പാട്: മലയാള മനോരമ)
പ്ലസ്ടുവിന്റെ മാര്‍ക്ക് അറിയുന്നതോടെ ഇവിടെ തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ആവലാതിയാണ്. പരീക്ഷാ ഫലം വരുന്നതിന് മുമ്പ് പലതിനുള്ള കോച്ചിംഗ് തുടങ്ങിയിരിക്കും. അയല്‍പക്കങ്ങളിലോ സഭയിലോ കുടുംബക്കാരിലോ ഉള്ള കുട്ടികളോക്കാള്‍ ഏറ്റവും മികച്ചനിലയില്‍ നമ്മുടെ മക്കള്‍ ആയിത്തീരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. ഏറ്റവും നല്ല ശമ്പളം ഉള്ള ജോലി വേണം. അതിനുള്ള വിദ്യാഭ്യാസം വേണം. നമ്മുടെ കുഞ്ഞിന് അതിനുള്ള കഴിവ് ഉണ്ടോ എന്ന് ഒന്നും വിഷയമല്ല. പണത്തോടുള്ള ആര്‍ത്തിയാണ് പലര്‍ക്കും. കേരളത്തില്‍ പ്രസംഗികളുടെ പ്രഭു എന്ന് അറിയപ്പെട്ടിരുന്ന പരേതനായ സുകുമാര്‍ അഴീക്കോടിന്റെ ഭാഷയില്‍ ”മൃഗത്തെപ്പോലും മനുഷ്യനാക്കുന്ന മന്ത്രമാണ് വിദ്യാഭ്യാസം. അകത്തേക്ക് കൊടുക്കലല്ല വിദ്യാഭ്യാസം പുറത്തേക്ക് എടുക്കലാണ്. വിദ്യാഭ്യാസം ചെയ്തവരും ചെയ്യാത്തവരും തമ്മിലുള്ള വ്യത്യാസം നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പരാജയം”.പണം വാരിയെറിഞ്ഞ് പണം ഉണ്ടാക്കാനുള്ള തന്ത്രമായി വിദ്യാഭ്യാസം അധഃപതിച്ചു. വേണ്ടത്ര മാര്‍ക്കില്ലാഞ്ഞിട്ടും കോഴ കൊടുത്ത് അഡ്മിഷന്‍ നേടി പ്രാവണ്യം ഇല്ലാത്ത പാവകളായ ഡോക്ടര്‍മാരെയും എഞ്ചിനീയറുമാരെയും സൃഷ്ടിക്കുന്നത് സമൂഹത്തിന് തീരാ ശാപമാണ്.
വിശ്വാസികളും പാസ്റ്റേഴ്‌സും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഉപരിപഠനത്തിന് അവരെ നിര്‍ബന്ധിക്കരുത്. ജോലിയിലും പണത്തിലുമുള്ള ആശ്രയം അവസാനിപ്പിക്കണം. എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുമെന്നാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവുകള്‍ കണ്ടെത്തി അതില്‍ അവരെ പ്രോത്സാഹിപ്പിക്കണം, ആ മേഖലയില്‍ അവര്‍ നന്നായി ശോഭിക്കും. സാമ്പത്തികം കുറവായിരിക്കാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന മനസ്സ് ഉണ്ടായാല്‍ മതി. പ്രത്യേകിച്ച് വിശ്വാസികള്‍ എന്നു പറയുന്നവര്‍ ആര്‍ത്തിമൂത്ത് കൊക്കിന് കൊള്ളാത്തത് കൊത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. മൂല്യങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും ദൈവീകബോധത്തിനും പ്രാധാന്യം നല്‍കി കുഞ്ഞുങ്ങളെ ശീലിപ്പിക്കുക. ഇന്ന് എല്ലാ മേഖലയിലും മത്സരമാണ്. എന്നാല്‍ ദൈവഹിതം തിരിച്ചറിയണമെങ്കില്‍ മനസ്സുപുതുക്കി രൂപാന്തരപ്പെടണം. ഇല്ലാത്ത പണം കടം എടുത്ത് താല്പര്യമില്ലാത്ത കോഴ്‌സിന് ചേര്‍ത്ത് പരീക്ഷയില്‍ തോറ്റ് കഴിയുമ്പോള്‍ ഇവന്റെ പഠനത്തോട് ഭയങ്കര പോരാട്ടമാണ് പ്രാര്‍ത്ഥിക്കണം എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്. പൊങ്ങച്ചക്കാരായ മാതാപിതാക്കളെ നിങ്ങളിലാണ് പോരാട്ടം. വേഷം കെട്ടലും പൊയ്മുഖങ്ങളും വെച്ചുകെട്ടുലുകളും ഇല്ലാത്തത് ഉണ്ടെന്നുള്ള അഭിനയവും അവസാനിക്കണം. ഒക്കാത്തത് ഒപ്പിക്കാനുള്ള പെടാപ്പാടിന് വിശ്വാസത്തെ കൂട്ടുപിടിക്കരുത്. എബ്രായ ലേഖനത്തിലെ ആശിക്കുന്നതിന്റെ ഉറപ്പ് നിങ്ങള്‍ ചിന്തിക്കുന്നതൊന്നുമല്ല, നിത്യതയെക്കുറിച്ചാണ്. കേരളത്തില്‍ വിശേഷാല്‍ ലോകമെമ്പാടുമുള്ള മലയാളികളിലാണ് പൊങ്ങച്ചം കൂടുതലായി കണ്ടുവരുന്നത്. സഹോദരങ്ങളെ ഇവിടെയെല്ലാ മേഖലയിലുമുള്ള ജോലിക്കാര്‍ വേണ്ടേ? ശമ്പളം കൂടുതല്‍ ലഭിക്കുന്ന തൊഴിയില്‍ ചെയ്യുന്നവര്‍ മാത്രം മതിയോ? എല്ലാവരും ഗവണ്‍മെന്റ് ജോലിക്കാരായാല്‍ മറ്റുള്ളതൊക്കെ ആരു ചെയ്യും? ദൈവം എല്ലാ കുഞ്ഞുങ്ങള്‍ക്കും അവരുടേതായ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാവരും സൃഷ്ടിപ്പിലും സ്വഭാവത്തിലും വ്യത്യസ്തരാണ്. അങ്ങനെയെങ്കില്‍ അഭിരുചികളിലും താലന്തുകളിലും വ്യത്യസ്തത ഉണ്ടാകുകയില്ലേ. നാം അത് തിരിച്ചറിയാതെ പോകുന്നതാണ് അപകടം. നല്ല ജോലിയും വലിയ ശമ്പളവും ഇല്ലെങ്കില്‍ എങ്ങനെ ജീവിക്കും എന്നാണ് ഇന്നത്തെ ചോദ്യം. ഇക്കൂട്ടര്‍ വിശ്വാസികളുടെ വേഷം കെട്ടി നടക്കുകയാണ്. ഇവിടെ ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതിയെന്ന് വെയ്ക്കണം. ആര്‍ഭാടവും ആഡംബരവും ഒഴിവാക്കണം. അതല്ലെങ്കില്‍ ഇവിടെ ഞങ്ങള്‍ പരദേശിയാണെന്നും പൗരത്വം സ്വര്‍ഗ്ഗത്തിലാണെന്ന് മേലാല്‍ പറയരുത്. ഏതാനും നാളുകള്‍ക്ക് മുമ്പ് സകലരും കടമെടുത്ത് മക്കളെ നഴ്‌സിംഗ് പഠിപ്പിച്ചു. ഒടുവില്‍ മിക്കവര്‍ക്കും ജോലികിട്ടാതെയായി. അതിനെ തുടര്‍ന്ന് കടം വീട്ടുവാന്‍ കഴിയാതെയായി. അതിന്റെ പേരില്‍ കരച്ചിലും പിഴച്ചിലുമായി. പലരും കിടപ്പാടം വിറ്റ് വഴിയിലായി. ശമ്പളവര്‍ദ്ധനവിനുവേണ്ടി നഴ്‌സുമാര്‍ സമരമുറകളുമായി തെരുവിലിറങ്ങി.
ദൈവം ഓരോരുത്തര്‍ക്കും ജന്മനാ കൊടുത്ത വാസനകള്‍ ഉണ്ട്. പൊങ്ങച്ചക്കാരായ മാതാപിതാക്കള്‍ ദ്രവ്യാഗ്രഹം തലയ്ക്ക് പിടിച്ച് അവരുടെ നിര്‍ബന്ധത്തിന് കുഞ്ഞുങ്ങളില്‍ പലതും അടിച്ചേല്‍പ്പിക്കുമ്പോള്‍ അവരെക്കുറിച്ചുള്ള ദൈവീക പദ്ധതി നടപ്പാകാതെ പോകുന്നു. ഒടുവില്‍ ആകെ കുഴയുന്നു, ജീവിതം ആടിയുലയുന്നു. മക്കള്‍ ദൈവത്തിന്റേതാണ്. വളര്‍ത്തുവാന്‍ മാതാപിതാക്കളായ നമ്മെ ഭരമേല്പിച്ചെന്നുമാത്രം. ”നിങ്ങളില്‍ ഒരു മഹാന്‍ ഒളിഞ്ഞിരിപ്പുണ്ട്. ആ മഹാനെ പുറത്തുകൊണ്ടുവരുവാന്‍ നിങ്ങളെ സഹായിക്കുന്നത് എന്തോ അതാണ് ശരിയായ വിദ്യാഭ്യാസം” എന്ന് ഒരു ചിന്തകന്‍ അഭിപ്രായപ്പെട്ടു. തന്നെത്താന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് വിദ്യാഭ്യാസം കൊണ്ട് തൃപ്തിപ്പെടാന്‍ ആവൂ എന്നു പറഞ്ഞ ഡോ. എസ്. രാധാകൃഷ്ണന്റെ വാക്കുകള്‍ കുറിക്കൊള്ളേണ്ടതാണ്. ഒരുവന്റെ മാനസിക വിഭവങ്ങള്‍ ശരിയായ ദിശയില്‍ പ്രായോഗികമാക്കുവാനും അതിനെ മൂര്‍ച്ചയുള്ളതുമാക്കുവാനും വികസിപ്പിക്കുവാനുമുള്ള പ്രായോഗിക ജ്ഞാനം ആണ് വിദ്യാഭ്യാസം. പണത്തിനുവേണ്ടി ഒരുവനിലെ തനിമ നശിപ്പിക്കരുത്. ഉയര്‍ന്ന ജോലിയും നല്ല ശമ്പളവും ഉണ്ടെങ്കില്‍ മാത്രമേ നല്ല വിവാഹം ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയായി. എത്ര സാമ്പത്തികശേഷിയുണ്ടെങ്കിലും നല്ല ജോലിയില്ലെങ്കില്‍ യുവാക്കളെ ആര്‍ക്കും വേണ്ട. ലക്ഷങ്ങള്‍ മാസം വരുമാനമുള്ള ജോലിക്കാരനെക്കൊണ്ട് മാത്രമേ മകളെ വിവാഹം കഴിപ്പിക്കൂ എന്ന ചിന്ത അബദ്ധമാണ്. ദൈവീകാലോചനയില്ലാതെ മാനുഷിക അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പലരും എടുത്തു ചാടി ചെയ്തതെല്ലാം അബദ്ധമായിട്ടുണ്ട്. ദൈവീക പ്രമാണങ്ങളെ മുറുകെ പിടിക്കുകയും ജീവിതം മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കുകയും ചെയ്യുന്നവരെ വിവാഹം കഴിക്കുക. പണവും പ്രതാപവും പോകുവാന്‍ നിമിഷങ്ങള്‍ മതി. ദൈവീക നിര്‍ദ്ദേശമനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുക. ”പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവീന്‍” എഫെസ്യര്‍ 6:4. രക്ഷിതാക്കളുടെ പൊങ്ങച്ചത്തിന് ബലിയാടായി പലതിനും വഴങ്ങി ഒടുവില്‍ വിജയിക്കാതെ വരുമ്പോള്‍ മക്കളെ പഴി പറഞ്ഞാല്‍ അവര്‍ പൊട്ടിത്തെറിക്കും. പണം വെറുതെ പോയതിന്റെ വേദന നിങ്ങള്‍ പറയുമ്പോള്‍ സമയം വെറുതെ പോയതിന്റെ വേദന കുഞ്ഞുങ്ങളുടെ മനസ്സിലുണ്ട്. ഈ സത്യങ്ങള്‍ ആരും മറക്കരുത്.
ജോണ്‍സണ്‍ കണ്ണൂര്‍