കുര്‍ബാന ഏകീകരണം; ഇന്ന് 400 ഓളം വൈദികര്‍ ബിഷപ്പിനെ കാണും
കൊച്ചി: കുർബാന ഏകീകരണത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തമാകുന്നു. 400 ഓളം വൈദികർ പ്രതിഷേധാവുമായി ബിഷപ് ആന്റണി കരിയിലിനെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം. കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കും. അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നാണ് ഇടയലേഖനം പറയുന്നത്. ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്തമായ തീരുമാനമെടുക്കാൻ അതിരൂപതാ മെത്രാൻമാര്‍ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനം പറയുന്നു. സഭയിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെ കാണരുതെന്നും ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും.