യുഎസ് പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൻ കൊഴിഞ്ഞുപോക്ക്
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൻ കൊഴിഞ്ഞുപോക്ക്. ട്രംപ് വിജയിച്ചതിനു പിന്നാലെ ഒരു ദിവസം കൊണ്ട് 1,15,000ലധികം പേരാണ് എക്സ് വിട്ടു പോയതെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റ വിജയത്തിൽ സുപ്രധാന പങ്കാണ് എക്സ് ഉടമയായ ശതകോടീശ്വരൻ ഇലോൺ മസ്ക് വഹിച്ചത്.
മസ്ക് ഉടമയായതിനു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണിതെന്നും സിഎൻഎന്നിൻ്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എക്സിൻ്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന വെബ് ട്രാഫിക്കിനും ആ ദിവസം സാക്ഷ്യം വഹിച്ചു. ആപ്പിൾ ആപ്പ് സ്റ്റോറിൻ്റെ യുഎസ് പട്ടികയിൽ എക്സിൻ്റെ എതിരാളിയായ ബ്ലൂസ്കൈ ഈ ആഴ്ച ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ ദിവസം പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനും എക്സിൽ നിന്ന് പിൻവാങ്ങിയിരുന്നു. വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്സെന്നായിരുന്നു ഗാർഡിയൻ ഇതിനു കാരണമായി പറഞ്ഞത്. 10.7 മില്യൺ ഫോളോവേഴ്സായിരുന്നു ഗാർഡിയന് എക്സിൽ ഉണ്ടായിരുന്നത്. മസ്ക് എക്സ് ഉടമയായതിനുശേഷം പിൻവാങ്ങുന്ന ആദ്യ ബ്രിട്ടീഷ് മാധ്യമമായി ഗാർഡിയൻ മാറി. ദി ഗാർഡിയൻ അപ്രസക്തമാണെന്നായിരുന്നു മസ്ക് ഇതിനു പ്രതികരണമായി എക്സിൽ കുറിച്ചത്.
അതേസമയം, എക്സിൻ്റെ എതിരാളികളായ ബ്ലൂസ്കൈയുടെ ഉപയോക്താക്കളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. കഴിഞ്ഞയാഴ്ച മാത്രം ഒരു മില്യണിലധികം പുതിയ യൂസേഴ്സ് സൈനപ്പ് ചെയ്തെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ എക്സ് ഉപയോക്താക്കളുടെ എണ്ണം ബ്ലൂസ്കൈയേക്കാൾ എത്രയോ കൂടുതലാണ്.