TOP NEWS| സൗദിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങി

0

സൗദിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങി. ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്ക് അരലക്ഷം രൂപക്ക് മുകളില്‍ ചെലവ് വരുന്നതായി പ്രവാസികള്‍ പറയുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ഇന്ത്യ സൗദിയുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കാത്തതാണ് യാത്ര പ്രതിസന്ധി രൂക്ഷമാക്കുന്നത്. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇടത്താവളങ്ങളില്‍ തങ്ങാതെ നേരിട്ട് സൗദിയിലേത്ത് തിരിച്ച് വരാമെന്ന പ്രഖ്യാപനം വന്ന ശേഷം ഇന്ന് ആദ്യമായി കേരളത്തില്‍ നിന്നും പ്രവാസികള്‍ സൗദിയിലെത്തി. 395 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കാണ് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനമെത്തിയത്. എന്നാല്‍ ഈ വിമാനത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഉണ്ടായിരുന്നതെന്ന് വിമാനം ചാര്‍ട്ട് ചെയ്ത ട്രാവല്‍ ഏജന്റ് വ്യക്തമാക്കി. മറ്റുള്ളവരെല്ലാം കേരളത്തിന് പുറത്ത് നിന്നുള്ളവരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും നേരിട്ട് വരാമെന്ന ചട്ടം നേരത്തെ നിലവിലുള്ളതാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് സൗദിയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവരും എത്തിയത്.

 

You might also like