TOP NEWS| കോവിഡ് വാക്സീന്‍ രോഗം നിയന്ത്രിക്കുന്നവയല്ല, രോഗത്തിന്‍റെ സ്വഭാവം മാറ്റുന്നവയെന്ന് ഐസിഎംആര്‍ മേധാവി
കോവിഡ് വാക്സീനുകള്‍ രോഗം വരാതെ നിയന്ത്രിക്കുന്ന പ്രതിവിധിയല്ലെന്നും രോഗത്തിന്‍റെ സ്വഭാവം മാറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അതിനാല്‍ വാക്സീന്‍ രണ്ടാം ഡോസ് എടുത്ത ശേഷവും എല്ലാവരും നിര്‍ബന്ധമായും മാസ്ക് ഉപയോഗം തുടരണമെന്ന് ഡോ. ഭാര്‍ഗവ ചൂണ്ടിക്കാട്ടി. കോവിഡ് രോഗത്തിന്‍റെ തീവ്രത ലഘൂകരിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാനും മരണസാധ്യത 98-99 ശതമാനം വരെ ഒഴിവാക്കാനും വാക്സീന്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.