TOP NEWS| ഡിസംബർ ഒന്നോടെ യൂറോപ്പിൽ 2.3 ലക്ഷത്തിലേറെപ്പേർകൂടി കോവിഡ് ബാധിച്ച് മരിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടന; ആശങ്കാജനകം

0

ഡിസംബർ ഒന്നോടെ യൂറോപ്പിൽ 2.3 ലക്ഷത്തിലേറെപ്പേർകൂടി കോവിഡ് ബാധിച്ച് മരിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടന; ആശങ്കാജനകം

കോപെൻഹേഗൻ: ഡിസംബർ ഒന്നോടെ യൂറോപ്പിൽ 2.3 ലക്ഷത്തിലേറെപ്പേർകൂടി കോവിഡ് ബാധിച്ച് മരിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. രോഗികൾ കൂടുകയും വാക്സിനേഷൻ പലയിടങ്ങളിലും മന്ദഗതിയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. ഡെൽറ്റ വകഭേദമാണ് പ്രധാനമായും മേഖലയിൽ പരക്കുന്നത്. കഴിഞ്ഞയാഴ്ച മരണം 11 ശതമാനം വർധിച്ചു. ആറാഴ്ചയ്ക്കിടെ വാക്സിനേഷനിൽ 14 ശതമാനം കുറവുണ്ടായി. ചില രാജ്യങ്ങളിലെ വാക്സിൻ ദൗർലഭ്യവും മറ്റുചില രാജ്യങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷനോടുള്ള വിയോജിപ്പുമാണിതിനു കാരണം. സ്ഥിതി ആശങ്കാജനകമാണെന്ന് ഡബ്ല്യു.എച്ച്.ഒ. യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂജെ പറഞ്ഞു. 13 ലക്ഷം പേരാണ് യൂറോപ്പിൽ കോവിഡ് ബാധിച്ച് മരിച്ചത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കേണ്ടതിനാൽ അധ്യാപകർക്ക് വാക്സിനേഷനിൽ മുൻഗണനനൽകാൻ ഡബ്ല്യു.എച്ച്.ഒ. നിർദേശിച്ചു. ബാൽക്കൺ, മധ്യേഷ്യ, കോകസസ് എന്നിവിടങ്ങളിലെ ദരിദ്രരാജ്യങ്ങളെ കോവിഡ് രൂക്ഷമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ലക്ഷം കവിഞ്ഞതായി യു.എസിലെ ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. രോഗികളുടെ എണ്ണം 21.63 കോടി കവിഞ്ഞു. യു.എസിലാണ് ഏറ്റവും കൂടുതൽ പേർ (6.37 ലക്ഷം പേർ) മരിച്ചത്.

You might also like