TOP NEWS| പാകിസ്ഥാനിൽ ക്രൈസ്തവർക്കുനേരെ സുവ വെടിവെപ്പ്; ആശുപത്രിയിൽ 3 പേരുടെ നില ഗുരുതരം

0

 

ലാഹോര്‍: പാക്കിസ്ഥാനില്‍ പഞ്ചാബിലെ വെഹാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ട്രിക്കാനി ഗ്രാമത്തിൽ ക്രൈസ്തവർക്ക് നേരെ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്. ക്രൈസ്തവരുടെ സ്ഥലം പിടിച്ചടക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ 29നു നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. പാടത്ത് വെള്ളം തളിച്ചു കൊണ്ട് നിൽക്കവേ ക്രൈസ്തവരുടെ നേരെ വെടിയുതിർക്കുകയായിരിന്നു.

അക്രമത്തിന് ഇരയായവർ പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തെങ്കിലും, അക്രമികൾ ഇതിനിടയിൽ മുൻകൂർ ജാമ്യം നേടി. കൂടാതെ പരാതി പിൻവലിക്കാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. വലിയ ഭൂസ്വത്തുളള പ്രദേശത്തെ ക്രൈസ്തവരോട് അവരുടെ ഭൂമി വിൽപ്പന നടത്താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രദേശവാസിയായ കംറാൻ മാസിഹ് പറഞ്ഞു. അക്രമണത്തിന്റെ ദൃക്സാക്ഷി കൂടിയാണ് ഇദ്ദേഹം. സ്ഥലം വിൽക്കാൻ മടിക്കുകയാണെങ്കിൽ ഗൗരവമേറിയ പ്രത്യാഘാതങ്ങൾ ക്രൈസ്തവർക്ക് നേരിടേണ്ടിവരുമെന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും കംറാൻ ചൂണ്ടിക്കാട്ടി.

മിഷ്ണറിമാരില്‍ നിന്നു പാരമ്പര്യമായി കൈമാറി വരുന്ന സ്വത്ത് ആയതിനാലും, തങ്ങളുടെ വരുമാനം നിലക്കുമെന്നതിനാലും ക്രൈസ്തവർ അതിന് തയ്യാറായില്ല. കൂടാതെ ന്യായമായ വിലയല്ല ഇവര്‍ മുന്നോട്ടു വച്ചതെന്നും കംറാൻ മാസിഹ് വിശദീകരിച്ചു. ക്രൈസ്തവരെ ലക്ഷ്യംവയ്ക്കാനായി ഭൂവുടമകൾ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നതിലുള്ള വേദന മനുഷ്യാവകാശ പ്രവർത്തകൻ സലീം ഇഖ്ബാൽ പങ്കുവെച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ അദ്ദേഹം നേരിട്ടെത്തി സന്ദർശിച്ചിരിന്നു. ഇതിനുമുമ്പും മേഖലയിൽ സമാനമായ അക്രമങ്ങൾ ക്രൈസ്തവർക്കു നേരെ ഉണ്ടായിട്ടുണ്ട്.

You might also like