പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസനം നബാർഡുമായി കൈകോർത്ത് ഇസാഫ് ബാങ്ക്
തൃശ്ശൂർ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രാദേശിക തലത്തിൽ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ മുഖേനയായിരിക്കും ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുക. കേരളത്തിലെ 14 ജില്ലകളിൽ തിരഞ്ഞെടുത്ത 300 ഗ്രാമ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.