മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി
ബെലഗാവി: കാബിനറ്റിന്റെയും നിയമ വകുപ്പിന്റെയും അനുമതി ലഭിച്ചശേഷം നിര്‍ദിഷ്ട മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. നിയമവകുപ്പ് കരട് ബില്‍ വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍ദിഷ്ട ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുകയാണല്ലോ എന്ന ചോദ്യത്തിന് നിയമത്തെ എതിര്‍ക്കുന്നവരും അംഗീകരിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ താത്പര്യപ്രകാരം സര്‍ക്കാര്‍ നിയമം നടപ്പിലാക്കും. ഈ വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനപ്രിയരായ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലയില്‍ െ്രെകസ്തവസമൂഹം നല്‍കിയ സേവനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് പുതിയ മതപരിവര്‍ത്തന നിരോധനബില്ലെന്നും അദ്ദേഹം പറഞ്ഞു. 2023ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക ധ്രുവീകരണം നടത്തുന്നതിനുള്ള ഭാഗമായാണ് ബിജെപി സര്‍ക്കാര് പുതിയ ബില്‍ അവതരിപ്പിക്കുന്നത്.