റഷ്യയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം കുറഞ്ഞതായി റിപ്പോർട്ട്

0

2021 ൽ റഷ്യയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസിയായ റോസ്സ്റ്റാറ്റ. ഇന്നലെയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസി പുറത്തുവിട്ടത്. സോവിയേറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഇത്രയും വലിയ ജനസംഖ്യ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസ് ബാധിച്ച് 660,000-ത്തിലധികം പേരാണ് റഷ്യയിൽ മരണപ്പെട്ടത്. വലിയ തോതിലുള്ള കോവിഡ് മരണങ്ങൾ ജനസംഖ്യയിൽ ഇടിവു വരാൻ കാരണമായെന്നാണ് റോസ്സ്റ്റാറ്റയുടെ വിലയിരുത്തൽ. റോസ്സ്റ്റാറ്റ് പ്രതിമാസം പ്രസിദ്ധീകരിക്കുന്ന കോവിഡ് മരണങ്ങളുടെ എണ്ണം സർക്കാർ വെബ്സൈറ്റിൽ പുറത്തുവിടുന്ന മരണങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഈ സാഹചര്യത്തിലും കോവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങളുടെ തീവ്രത കുറച്ചു കാണുകയാണ് സർക്കാർ. ഇതാണ് റഷ്യൻ സർക്കാരിനെതിരെ ഉയരുന്ന പ്രധാന വിമർശനം. മന്ദഗതിയിലുള്ള വാക്‌സിനേഷൻ വിതരണവും പരിമിതമായ കോവിഡ് നിയന്ത്രണങ്ങളും ആളുകൾ മാസ്‌ക് ധരിക്കാതിരിക്കുന്നതും കോവിഡ് രോഗം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി റഷ്യ അഭിമുഖീകരിക്കുന്ന താഴ്ന്ന ജനനനിരക്കും കുറഞ്ഞ ആയുർദൈർഘ്യവും കോവിഡ് മരണങ്ങൾക്കു പുറമേയുള്ള പ്രതിസന്ധിയാണ്.

You might also like