പൗരന് വേണ്ട എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം; വരുന്നു ഡിജിറ്റൽ ഐഡി കാർഡ്

0


ദില്ലി: ആധാർ, പാൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റീസ്) നടപ്പിലാക്കാൻ ഐടി മന്ത്രാലയം കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് ഐഡി കാര്‍ഡ് ആയിരിക്കുമിത്.

ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസാണ് ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ കാർഡുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റൽ ഐഡിയുടെ രീതി.

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കു കീഴിലെ ഇന്ത്യ എന്റർപ്രൈസ് ആർകിടെക്ചർ ചട്ടക്കൂട് പ്രകാരമാണ് പുതിയ നിർദേശം വച്ചിട്ടുള്ളത്. നിലവിലുള്ള ഐഡി കാർഡുകളുമായി ബന്ധിപ്പിക്കുന്നതു വഴി ആവർത്തിച്ചുള്ള വെരിഫിക്കേഷൻ നടപടി ക്രമങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നാണ് മന്ത്രാലയം പറയുന്നത്.

ആസ്‌ത്രേലിയ, കാനഡ, ജർമനി, യുകെ, നെതർലാൻഡ്‌സ്, ശ്രീലങ്ക, യുക്രൈൻ, സാംബിയ, ഡെൻമാർക്ക് തുടങ്ങി ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ ഡിജിറ്റൽ ഐഡികൾ നിലവിലുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ 99 ശതമാനം പേർക്കും ബയോമെട്രിക് തിരിച്ചറിയൽ രേഖയായ ആധാർ നൽകിയിട്ടുണ്ട്. വിർച്വൽ ഐഡി കാർഡ് എന്ന നിലയിലും ആധാർ ഉപയോഗിക്കാനാകുന്നുണ്ട്.

എല്ലാ വിവരങ്ങളും അടങ്ങിയ കാർഡ് (മൾട്ടി പർപസ് നാഷണൽ ഐഡന്റിറ്റി കാർഡ്) എന്ന നിർദേശം 2001 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പിലുണ്ട്. വാജ്‌പേയി ഭരണകാലത്ത് മന്ത്രിതല സമിതി സമർപ്പിച്ച ‘റിഫോമിങ് ദ നാഷണൽ സെക്യൂരിറ്റി സിസ്റ്റം’ റിപ്പോർട്ടിലാണ് ഈ നിർദേശമുണ്ടായിരുന്നത്. കാർഗിൽ സംഘർഷത്തിന് ശേഷം രൂപവത്കൃതമായ സമിതിയായിരുന്നു ഇത്. അനധികൃത കുടിയേറ്റത്തിന് തടയിടുക എന്നതായിരുന്നു കാർഡിന്റെ പ്രധാന ലക്ഷ്യം.

2019ൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെയം സെസൻസസ് കമ്മിഷണറുടെയും പുതിയ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു.

You might also like