പശ്ചിമേഷ്യയിലെ ക്രൈസ്തവ സ്കൂളുകൾക്കുളള സാമ്പത്തിക സഹായം ഇരട്ടിയാക്കും: ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

0

പാരീസ്: പശ്ചിമേഷ്യയിലെ സ്കൂളുകൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എലിസി പാലസ് എന്ന ഔദ്യോഗിക വസതിയിൽ പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സഹായിക്കുന്ന വിവിധ സംഘടനകളുടെ നൂറ്റിയന്‍പതോളം പ്രതിനിധികളുമായി ഫെബ്രുവരി ഒന്നാം തീയതി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇമ്മാനുവൽ മാക്രോൺ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് റിച്ചാർഡ് പോൾ ഗല്ലാഘര്‍ ഫ്രാൻസിൽ സന്ദർശനം നടത്തുന്നുണ്ട്.

പശ്ചിമേഷ്യയിലെ ക്രൈസ്തവ വിദ്യാലയങ്ങൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന എൽ ഓവ്റേ ഡി ഒറിയന്റ് സംഘടനയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ പാസ്ക്കൽ ഹോൾനിച്ചിന് ലീജിയൻ ഓഫ് ഹോണർ ബഹുമതി നൽകി ചടങ്ങിൽ ആദരിച്ചു. സംഘടനയും, ഫ്രഞ്ച് സർക്കാരും ചേർന്ന് നേരത്തെ രണ്ട് മില്യൻ യൂറോയാണ് ക്രൈസ്തവർക്ക് സാമ്പത്തികസഹായം നൽകിയിരുന്നത്. ഇത് നാലു മില്യൻ യൂറോയിലേക്ക് വർദ്ധിപ്പിക്കും. പൗരസ്ത്യ ക്രൈസ്തവരെ സഹായിക്കുന്നത് ചരിത്രപരമായ ഒരു മതേതര ദൗത്യം ആണെന്നു ഇമ്മാനുവൽ മാക്രോൺ തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു.

പ്രശ്നബാധിത മേഖലകളിലെ ചരിത്ര നിർമ്മിതികളുടെ സംരക്ഷണത്തിനായി 2017 യുഎഇയുമായി ചേർന്ന് സംയുക്തമായി തുടങ്ങിയ കൂട്ടായ്മയുടെ പ്രവർത്തനത്തിന് 30 മില്യൺ യൂറോ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. അതേസമയം ഫ്രഞ്ച് പ്രസിഡൻഷ്യൽ ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ നേതാക്കൾ നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

You might also like