പരീക്ഷ നടത്തിപ്പിൽ വിമർശനം; അധ്യാപകനെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനം നടത്തിയ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അച്ചടക്ക നടപടി. വിദ്യാഭ്യാസ പ്രവർത്തകനും കണ്ണൂർ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂൾ അധ്യാപകനുമായ പി. പ്രേമചന്ദ്രനെതിരെയാണ് നടപടി. ഫോക്കസ് ഏരിയക്ക് പുറത്തു നിന്നുള്ള ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ചെന്നാണ് കുറ്റം . രക്ഷിതാക്കളെയും വിദ്യാർഥികളെയും സർക്കാരിനെതിരെ തിരിച്ചു വിടാൻ അധ്യാപകൻ ശ്രമിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. സ്കൂൾ തുറക്കാൻ വൈകിയ പശ്ചാത്തലത്തിലായിരുന്നു എസ് എസ് എൽ സി പ്ലസ് ടു പാഠ ഭാഗങ്ങളിലെ അറുപതു ശതമാനം ഫോക്കസ് ഏരിയ ആയി നിശ്ചയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഈ പാഠഭാഗങ്ങൾ പോലും പഠിപ്പിച്ച് തീർക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് അധ്യാപകർ. ഇതിനിടെയാണ് 24 മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയ്ക്ക് പുറത്തു നിന്നും ഉൾപ്പെടുത്തി മാതൃക ചോദ്യ പേപ്പർ പുറത്തിറങ്ങിയത്.