കോവിഡ് ടെസ്റ്റിന് നിരക്ക് കുറച്ച സർക്കാർ നടപടി; പ്രതിഷേധവുമായി ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ
ആന്‍റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് നിരക്ക് കുറച്ചതിനെതിരെ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ രംഗത്ത്. നിരക്ക് കുറച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഇടുക്കി ജില്ലാ ഘടകം ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി. 500 രൂപയായിരുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിന് 300 രൂപയായും 300 രൂപയായിരുന്ന ആൻ്റിജൻ ടെസ്റ്റിന് 100 രൂപയുമായി പുതുക്കിയ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. ആൻ്റിജൻ ടെസ്റ്റ് നടത്താൻ ഉപയോഗിക്കുന്ന കിറ്റുകൾക്ക് 140 രൂപ മുടക്കുണ്ടെന്നും ആർ.ടി.പി.സി.ആർ ടെസ്റ്റിന് സൗകര്യമില്ലാത്തതിനാൽ ഇതര ജില്ലകളെ ആശ്രയിക്കുന്ന ഇടുക്കിയിൽ പുതുക്കിയ നിരക്ക് പ്രായോഗികമല്ലെന്നുമാണ് ലാബുടമകളുടെ അഭിപ്രായം.