മലയാളി പോലെയല്ലേ…യുഎഇയിൽ പെട്രോൾ ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിതയായി ഡെലീഷ്യ
വർഷങ്ങൾ നീണ്ട പ്രയത്നവും കഠിനാധ്വാനവുമാണ് ഓരോ വ്യക്തിയുടെയും പൂവണിയുന്ന സ്വപ്നങ്ങൾക്ക് പിന്നിൽ. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലെത്തി തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞ ഡെലീഷ്യയെ ഓർമയില്ലേ… ഒരു കോടിയുടെ വേദിയിലെത്തി ജീവിതം മാറിമറിഞ്ഞ നിരവധി പേരിൽ ഒരാൾ. പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി തന്റെ സ്വപ്നങ്ങളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ഒരു കോടിയുടെ വേദിയിൽ ഡെലീഷ്യ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഡെലീഷ്യയെ തേടിയെത്തിയത് ദുബായിൽ നിന്നൊരു അവസരമാണ്. ദുബായുടെ മണ്ണിൽ വളയം തിരിക്കാനുള്ള അവസരം. എന്നാൽ ഇന്ന് പുതിയൊരു ചരിത്രം തന്നെ കുറിച്ചിരിക്കുകയാണ് ഡെലീഷ്യ. യുഎഇയിൽ പെട്രോൾ ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിതയാണ് ഡെലീഷ്യ. അബുദാബിയിൽ നിന്നുള്ള ഫോൺ കാൾ, അവിടെ നിന്നായിരുന്നു ഡെലീഷ്യയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ച് തുടങ്ങിയത്. ദുബായിയിലെത്തിയെങ്കിലും കടമ്പകൾ ഏറെയായിരുന്നു ഡെലീഷ്യയ്ക്ക്. അതിൽ ആദ്യത്തേത് ലൈസൻസ് എടുക്കുക എന്നതാണ്. ഇന്ത്യയിൽ വണ്ടിയോടിച്ച പരിചയം മാത്രം മതിയാകില്ല ദുബായിയിൽ ലൈസൻസ് കിട്ടാൻ. റോഡ് നിയമങ്ങൾ മുതൽ എല്ലാം പഠിച്ച് നിരവധി ടെസ്റ്റുകൾ പാസ്സായാൽ മാത്രമേ ലൈസൻസ് സ്വന്തമാക്കാൻ കഴിയുകയുള്ളു.