കെപിഎസി ലളിത അന്തരിച്ചു; സംസ്‌കാരം ഇന്നു വൈകുന്നേരം വീട്ടുവളപ്പില്‍
വിടപറഞ്ഞ അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ മൃതദേഹം ബുധനാഴ്‌ച വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാവിലെ എട്ടു മുതല്‍ 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും. സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില്‍ സംസ്‌കരിക്കും. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.