കൊച്ചി മെട്രോ പാലത്തിന് ചെരിവുണ്ട്, കാരണമറിയാന്‍ പരിശോധന നടത്തണം: ഇ ശ്രീധരന്‍

0

കൊച്ചി: മെട്രോ പാലത്തിന് (Kochi Metro) ചെരിവുണ്ടെന്ന് ഡിഎംആര്‍സിയുടെ (DMRC)  മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍ (E Sreedharan). പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ നേരിയ ചെരിവുണ്ടെന്നും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഈജിസ് പ്രസിനിധികള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പാലം സന്ദര്‍ശിച്ചത്. സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു ശ്രീധരന്റെ പ്രസ്താവന. ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.നിലവിലെ പൈലിങ്ങിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം സംഭവിച്ചോ എന്നും പൈലിങ് ഉറച്ച് നില്‍ക്കുന്നുണ്ടോ എന്നറിയാനുമാണ് അള്‍ട്രോ സോണിക് പരിശോധന നടത്തുന്നത്. നിലവില്‍ പൈലിനും പൈല്‍ ക്യാപ്പിനും കേടില്ല. എന്നാല്‍ നേരിയ ചെരിവ് കാരണം പാളത്തിന്റെ അലൈന്‍മെന്റിലും നേരിയ വ്യതിയാനമുണ്ട്. നിലവിലെ സാഹചര്യം അപകടകരമല്ലെന്നും സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ കനത്ത മഴകാരണം മണ്ണിന്റെ ഘടനയില്‍ മാറ്റമോ അല്ലെങ്കില്‍ സോയില്‍പൈപ്പിങ് ഉണ്ടായോ എന്നതും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നിര്‍മിച്ച ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്നു ഇ ശ്രീധരന്‍. 

You might also like