റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടന്‍; 5 റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി

0

റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നടപടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തി. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടണ്‍ മരവിപ്പിക്കുകയും ചെയ്തു. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ബ്രിട്ടനൊപ്പം സഖ്യരാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. റോസിയാസ് ബാങ്ക്, ഐഎസ് ബാങ്ക്, ജനറല്‍ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക് സീ ബാങ്ക് എന്നിവയാണ് യുകെ ഉപരോധം ഏര്‍പ്പെടുത്തിയ ബാങ്കുകള്‍. ജെന്നഡി ടിംചെങ്കോ, ബോറിസ് റോട്ടന്‍ബെര്‍ഗ്, ഇഗോര്‍ റോട്ടന്‍ബെര്‍ഗ് എന്നിവരാണ് ഉപരോധം നേരിടുന്ന അതിസമ്പന്നര്‍. ഇവരുടെ ബ്രിട്ടണിലെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യുകെയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യും. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പുടിന്‍ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം.

You might also like