ഒമാനില്‍ കൊവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ
ഒമാനില്‍ ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയായി. പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശുഭകരമായ വാര്‍ത്തയാണ്. കൊവിഡ് നിയന്ത്രണ വിധേയമാകുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 974 പേര്‍ക്ക് മാത്രമാണ് വൈറസ് പിടിപെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 35 ദിവസവും രാജ്യത്ത് ഒരു മരണമെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് തുടര്‍ച്ചയായി മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ജനുവരി 19 മുതലാണ്. 13,889 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി കഴിയുന്നത്.