യുക്രെയ്‌നിലെ വിമാനത്താവളങ്ങൾ അടച്ചു;
ഒഴിപ്പിക്കൽ ദൗത്യം പ്രതിസന്ധിയിൽ, രണ്ടാമത്തെ എയർഇന്ത്യ വിമാനം ഡൽഹിയിലെത്തി

0



ദില്ലി: റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രെയ്‌നിലെ വിമാനത്താവളങ്ങൾ അടച്ചു. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം താത്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണ്. യുക്രെയ്‌നിൽ നിന്നും രണ്ടാമത്തെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് നീക്കം. യുക്രെയ്‌നിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി പ്രവർത്തിക്കുകയാണ്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു.

18, 000 ഇന്ത്യക്കാരാണ് ഇപ്പോൾ യുക്രെയ്‌നിൽ ഉള്ളത്. റഷ്യ-യുക്രെയ്ൻ സംഘർഷം അതീവ അപകടകരമായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളതെന്ന് ഇന്ത്യ പ്രതികരിച്ചു. സമാധാനമായി പ്രശ്‌നം പരിഹരിക്കാൻ ഐക്യരാഷ്‌ട്ര സഭ ഇടപെടണം. ശ്രദ്ധപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ മേഖലയുടെ സമാധാനം തകരുമെന്നും ഇന്ത്യ പ്രതികരിച്ചു.

മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രെയ്ൻ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

You might also like