യുക്രൈനിൽ അടിയന്തരാവസ്ഥ; മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് റഷ്യ
യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈൻ ഭരണകൂടം. പടിഞ്ഞാറൻ അതിർത്തിയിൽ റഷ്യ കൂടുതൽ സേനയെ വിന്യസിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്ത് വന്നു. റഷ്യൻ നടപടിയിൽ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തിൽ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ 80 ശതമാനം സേനയും യുക്രൈന് ചുറ്റും ആക്രമണസ്ഥാനങ്ങളിലാണെന്നും യു.എസ് വ്യക്തമാക്കി. റഷ്യയുമായി യുദ്ധത്തിലേർപ്പെടുകയോ യുദ്ധം ചെയ്യാൻ യു.എസ് സൈനികരെ അയക്കുകയോ ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു. സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അമേരിക്കയും യുക്രൈനും തമ്മിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.