ബെലറൂസ് ആണവായുധ മുക്ത രാഷ്ട്രപദവി നീക്കി

0

ബെലറൂസ് ആണവായുധ മുക്ത രാഷ്ട്രപദവി നീക്കി. യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ ഭീഷണിക്കു പിന്നാലെയാണ് ഈ നിര്‍ണായകനീക്കം. റഷ്യൻ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാനുള്ള തടസം ഇതോടെ നീങ്ങി. ബെലറൂസിൽ റഷ്യൻ ആണവായുധങ്ങൾ സൂക്ഷിക്കാന്‍ വഴിതെളിക്കുന്ന ഭരണഘടന ഭേദഗതിക്ക് ഹിത പരിശോധനയിൽ 70 ശതമാനത്തോളം വോട്ട് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഭരണഘടന ഭേദഗതിക്ക് 50 ശതമാനത്തിലധികം വോട്ടാണ് വേണ്ടത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനും ഭരണഘടനാ ഭേദഗതിക്കും എതിരായി ബെലറൂസിൽ പ്രതിഷേധം ശക്തമാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം പേരെ കഴിഞ്ഞ ദിവസം ബെലറൂസില്‍ തടവിലാക്കി. ബെലറൂസ് അതിർത്തിയിൽ നിന്നുള്ള മിസൈൽ പരിധിയിയിൽ യുക്രൈന്‍ തലസ്ഥാനമായ കിയവും ഉൾപ്പെടും. ബെലറൂസിലൂടെ റഷ്യന്‍ സേന യുക്രൈനിലേക്ക് പ്രവേശിക്കുന്നുമുണ്ട്. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും റഷ്യൻ പ്രസിഡന്റ് പുടിൻ നിർദേശം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ.

You might also like