റഷ്യൻ ടാങ്കറുകൾ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി; പോർമുഖത്ത് തലകുനിക്കാതെ യുക്രൈൻ ജനത
റഷ്യൻ സൈനിക നടപടി അഞ്ചാംദിവസം പിന്നിടുമ്പോൾ പ്രതിരോധത്തിന്റെ പുതിയ അധ്യായമെഴുതുകയാണ് യുക്രൈൻ ജനത. നേരത്തെ, പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കിയടക്കമുള്ള നേതാക്കളുടെ ആഹ്വാനം ഉൾക്കൊണ്ട് ആയിരക്കണക്കിനു സാധാരണക്കാരാണ് കിട്ടിയ ആയുധങ്ങളുമായി പോരാട്ടഭൂമിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. എന്നാൽ, ഒരു ആയുധവുമില്ലാതെ ഒറ്റയ്ക്കും കൂട്ടമായും റഷ്യൻ കവചിത ടാങ്കറുകളെയും സൈനികരെയും നേരിടുന്ന യുക്രൈൻ ജനത യുദ്ധഭൂമിയിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാകുകയാണ്. റഷ്യൻ ടാങ്കറുകളെ ഒറ്റയ്ക്ക് തടഞ്ഞുനിർത്തുന്ന നിരായുധനായ നാട്ടുകാരന്റെ വിഡിയോ അത്തരത്തിലൊരു സംഭവമാണ്. കഴിഞ്ഞ ദിവസം ചെർനിഹിവ് ഒബ്ലാസ്റ്റിലാണ് റഷ്യൻ മുന്നേറ്റത്തിനിടെ നിർഭയനായി മുന്നിലേക്ക് കുതിച്ച് ടാങ്കറിനു മുകളിൽ കയറി തടഞ്ഞുനിർത്തുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. യുക്രൈനിൽനിന്നുള്ള ഔദ്യോഗിക മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.