യുക്രൈനിന് ഇന്ത്യ മെഡിക്കൽ സഹായം നൽകും; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
യുക്രൈനിലേക്ക് ഇന്ത്യ മരുന്നുകൾ എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി. ഇതുവരെ 1396 ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ കാത്തുനിൽക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. അതിർത്തിയിലേക്ക് നേരിട്ടെത്തരുതെന്നും നിർദേശങ്ങൾ അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരണം. കിയവിലെയും ഖാർകിവിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കിയവിൽ കർഫ്യൂ നീട്ടിയിട്ടുണ്ട്. കിയവിൽ നിന്നുള്ള ആളുകൾ റെയിൽ മാർഗം പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങണം. ട്രെയിൻ യാത്രയാണ് കൂടുതൽ സുരക്ഷിതമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.