‘മുഖമടച്ച് മറുപടി’; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗത്തിനിടെ ‘വാക്ക് ഔട്ട്’ നടത്തി നൂറിലേറെ നയതന്ത്ര ഉദ്യോഗസ്ഥർ
ജനീവയിലെ യുണൈറ്റഡ് നേഷൻസ് ആസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കാണ്. അതുവരെ നിറഞ്ഞിരുന്ന യുഎൻ ഹാൾ റഷ്യൻ വിദേശകാര്യ മന്ത്രി പ്രസംഗിക്കാൻ എത്തിയതോടെ ശൂന്യമായി. 40 രാജ്യങ്ങളിൽ നിന്നുമായി നൂറിലേറെ നയതന്ത്ര ഉദ്യോഗസ്ഥരാണ് റഷ്യയ്‌ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി സഭയിൽ നിന്ന് ‘വാക്ക് ഔട്ട്’ നടത്തിയത്. യുക്രൈനെ ആക്രമിച്ച റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഈ നീക്കം. ( 100 diplomats walk out during Russia speech ) യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുകെ, ജപ്പാൻ തുടങ്ങി നാൽപ്പതോളം രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് എഴുനേറ്റ് പോയത്. ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ മീറ്റിംഗിൽ അവശേഷിച്ചത് യുഎന്നിന്റെ റഷ്യൻ അംബാസിഡറും, സിറിയ, ചൈന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും മാത്രമാണ്. വാക്ക് ഔട്ട് നയിച്ച യുക്രൈനിയൻ അംബാസിഡർ യെവേനിയ ഫിലിപെൻകോ തന്നോടൊപ്പം ചേർന്ന മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു.