ഓപ്പറേഷൻ ഗംഗ: 3 ഐഎഎഫ് വിമാനങ്ങൾ കൂടി
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പറക്കുമെന്ന് ഐഎഎഫ്. വിമാനങ്ങൾ ടെന്റുകളും പുതപ്പുകളും മറ്റ് മാനുഷിക സഹായങ്ങളും വഹിച്ചുകൊണ്ട് ഹിൻഡൺ എയർബേസിൽ നിന്ന് ഉടൻ പുറപ്പെടും. ഒരു C-17 ഗ്ലോബ്മാസ്റ്റർ ഇന്ന് പുലർച്ചെ 4 മണിക്ക് ‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ റൊമാനിയയിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിന് ശേഷം, ഒഴിപ്പിക്കൽ ശ്രമങ്ങളിൽ പങ്കുചേരാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.