‘ഇത് രാജ്യം സംരക്ഷിക്കാനുള്ള പോരാട്ടം’; മാർബിൾ പടവുകളിൽ സെലെൻസ്കിയുടെ പത്രസമ്മേളനം
കീവ് • റഷ്യൻ ആക്രമണം ശക്തമാകുമ്പോഴും ഭീതിയില്ലാതെ മുന്നിൽനിന്നു പോരാടുന്ന യുക്രെയ്ൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിച്ചത് തലസ്ഥാന നഗരത്തിലെ സോവിയറ്റ് കാലത്തെ ഓഫിസ് കെട്ടിടത്തിൽ വച്ചാണ്. കർട്ടനിട്ടു മറച്ച ജനാലകൾക്കരികിൽ മണൽച്ചാക്കുകൾ നിരത്തിയിരുന്നു. ടിവി ക്യാമറകളുടെ ലൈറ്റ് പ്രകാശം പരത്തിയ മുറിയിലേക്ക് സായുധരായ പട്ടാളക്കാർക്കിടയിൽ നിന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇറങ്ങി വന്നു. ക്ഷീണിതമെങ്കിലും പ്രകാശം തുടിക്കുന്ന കണ്ണുകൾ, ഷേവ് ചെയ്യാത്ത മുഖം. ഒലിവ് നിറമുള്ള ടീഷർട്ടും പാന്റും സൈനിക ഷൂസും വേഷം.