റഷ്യക്ക് പണി കൊടുത്ത് ഗൂഗ്ൾ; പരസ്യവിൽപ്പന നിർത്തിവച്ചു
മോസ്‌കോ: യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ ഓൺലൈൻ പരസ്യവിൽപ്പന നിർത്തിവച്ച് ഗൂഗ്ൾ. സെർച്ച്, യൂട്യൂബ്, മറ്റു പ്രസിദ്ധീകരണ പങ്കാളികൾ എന്നിവയിലൊന്നും ഇനി ഗൂഗ്ള്‍ ആഡ്ഡുണ്ടാകില്ല. വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരസ്യദാതാവാണ് ഗൂഗ്ൾ. നേരത്തെ ട്വിറ്ററും സ്‌നാപ് ചാറ്റും ഫേസ്ബുക്കും (ഭാഗിക നിയന്ത്രണം) റഷ്യയിൽ പരസ്യം നിർത്തിയിരുന്നു. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്ക് ഗൂഗ്ളിന്‍റെ ഭാഗിക പരസ്യനിയന്ത്രണവുമുണ്ടായിരുന്നു. ‘അസാധാരണ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ റഷ്യയിൽ ഞങ്ങൾ ഗൂഗ്ൾ ആഡ്‌സ് താൽക്കാലികമായി നിർത്തുകയാണ്. സാഹചര്യങ്ങൾ മാറുന്ന വേളയിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവയ്ക്കാം’ – പ്രസ്താവനയിൽ സെർച്ച് എഞ്ചിൻ ഭീമൻ വ്യക്തമാക്കി.