കോവിഡിന്‍റെ പല വകഭേദങ്ങള്‍ ശരീരത്തില്‍ പലയിടങ്ങളിലായി ഒളിച്ചിരുന്ന് ആക്രമിക്കാം
പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തോടെ കൊറോണ വൈറസിന്‍റെ യഥാര്‍ഥ രൂപത്തില്‍ ഗണ്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഇവയ്ക്ക് ഒരേ സമയം പല അവയവങ്ങളെ വ്യത്യസ്തമായ തരത്തില്‍ ആക്രമിക്കാന്‍ സാധിക്കുമെന്നും പുതിയ പഠനം. പല വകഭേദങ്ങള്‍ക്ക് ശരീരത്തിന്‍റെ പലയിടങ്ങളിലായി ഒളിച്ചിരുന്ന് വീണ്ടും ആക്രമിക്കാന്‍ സാധിക്കുമെന്നും ഇതിനാല്‍ രോഗികള്‍ക്ക് കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നടന്ന ഗവേഷണത്തില്‍ കണ്ടെത്തി. ഒരേ രോഗിയുടെ പല കോശങ്ങളില്‍ എങ്ങനെയാണ് വൈറസ് പരിണമിച്ച് പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതെന്നും നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഒന്നിനു പിന്നാലെ ഒന്നെന്ന രീതിയില്‍ തുടര്‍ച്ചയായി വന്ന വകഭേദങ്ങള്‍ യഥാര്‍ഥ കൊറോണവൈറസ് ശ്രേണിയെ പൂര്‍ണമായും നീക്കം ചെയ്തെന്നും ഒമിക്രോണും ഒമിക്രോണ്‍ ഉപവകഭേദവുമാണ് ഇപ്പോള്‍ ലോകത്ത് പ്രബലമെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഇമര്‍ ബെര്‍ഗര്‍ പറയുന്നു.