യുക്രെയ്ൻ ഒരുക്കിയ കെണിയിൽ കുടുങ്ങി റഷ്യൻ സേന; 3 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു
യുക്രെയ്നിൽ റഷ്യയുെട കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു. നിഷ്പ്രയാസം യുക്രെയ്ൻ പിടിച്ചെടുക്കാമെന്ന ധാരണ കീഴ്മേൽ മറിഞ്ഞെന്നു മാത്രമല്ല, പല മേഖലകളിലും കനത്ത തിരിച്ചടികളും നേരിടേണ്ടി വരുന്നു. റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ യുക്രെയ്ൻ സേന വെടിവച്ചിട്ടു എന്നാണ് ഏറ്റവും അവസാനം പുറത്തു വരുന്ന റിപ്പോർട്ട്. ഇതോടെ യുക്രെയ്നിന്റെ വ്യോമപരിധിയിൽ റഷ്യയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും കുറച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം ആഴ്‌ചയിലേക്ക് കടന്നപ്പോൾ ആക്രണം ശക്തമാകുകയാണ്. ഇതിനിടെ യുക്രെയ്ൻ റഷ്യയ്‌ക്ക് കടുത്ത മുന്നറിയിപ്പ് തന്നെ നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ തലമുറകളോളം രാജ്യം അനുഭവിക്കുമെന്നാണ് യുക്രെയ്ൻ മേധാവി പറഞ്ഞത്. അർഥവത്തായ ഉഭയകക്ഷി ചർച്ചകൾക്ക് പ്രതിജ്ഞാബദ്ധരാകാനും യുക്രെയ്നിലെ അധിനിവേശം അവസാനിപ്പിക്കാനും സെലെൻസ്കി പുട്ടിനോട് ആവശ്യപ്പെട്ടു.