യുക്രൈന് 6000 മിസൈലുകൾ നൽകുമെന്ന് യു.കെ; റഷ്യ രാസായുധം പ്രയോഗിച്ചാൽ തിരിച്ചടിക്കാൻ യു.എസ്
ലണ്ടൻ: റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രൈന് സഹായ വാഗ്ദാനവുമായി ബ്രിട്ടൺ. റഷ്യൻ സേനയ്ക്കെതിരെ പോരാടുന്നതിന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് (3.3 കോടി ഡോളർ) സാമ്പത്തിക സഹായമായും യുക്രൈന് നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നാറ്റോ, ജി 7 ഉച്ചകോടികൾ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടൻ നടത്തിയിരിക്കുന്നത്. യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നൽകിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ ഇരട്ടിയാക്കിയും അവർക്കെതിരായ പ്രതിരോധം ശക്തമാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.