ചൈനീസ് വിദേശകാര്യ മന്ത്രിക്ക് മോദിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതിയില്ല
ചൈനീസ് വിദേശകാര്യ മന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല. മോദിയുടെ യുപി യാത്ര ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ബെയ്ജിങ്ങിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നയയന്ത്ര സൈനിക ഇടപെടലുണ്ടാകുമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ ധാരണായിരുന്നു. ഇന്ത്യ നിലപാട് മയപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായി. ആതിഥേയ രാജ്യമാണ് അധ്യക്ഷത വഹിക്കുന്നത് എന്നതിനാൽ പങ്കാളികളായ രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് ഒരുപരിധിവരെ വഴങ്ങി കൊടുക്കുകയാണ് കീഴ്വഴക്കം. ഇന്ത്യ -ചൈന -ഭൂട്ടാൻ അതിർത്തി പ്രദേശത്തെ തർക്കം അവസാനിച്ചത് 2017 ലെ ബ്രിക്സ് ഉച്ചകോടിയ്ക്ക് തൊട്ടു മുൻപായിരുന്നു. അന്നും ആതിഥേയർ ചൈനയായിരുന്നു. അതുകൊണ്ടു തന്നെ ഗൾവാൻ താഴ്വരയിലെ അതിർത്തി തർക്കം മോദിയുടെ ചൈന സന്ദർശനത്തിന് മുൻപ് പരിഹരിക്കാൻ കഴിയുമെന്നാണ് നയതന്ത്ര രംഗത്തുള്ളവർ വിശ്വസിക്കുന്നത്.