സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന തുടരുന്നു

0

റിയാദ്: സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 13000 ത്തിലേറെ  നിയമലംഘകര്‍ പിടിയിലായി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13801 പേര്‍ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവരില്‍ 7,983 പേര്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും 4023 പേര്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 1825 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്. അനധികൃതമായി നുഴഞ്ഞു കയറിയവരില്‍ 61 ശതമാനം യമന്‍ സ്വദേശികളും 28 ശതമാനം എത്യോപ്യന്‍ വംശജരുമാണ്. ബാക്കി 11 ശതമാനം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിന് പുറമേ നിയമ ലംഘകരെ സഹായിച്ചതിന് 45 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം പിടിയിലായ 103570 പേരുടെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തലിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ഇവരില്‍ 90931 പേര്‍ പുരുഷന്‍മാരും 12631 പേര്‍ സ്ത്രീകളുമാണ്.

You might also like