മാംസം കഴിക്കാനും വിൽക്കാനും അവകാശമുണ്ട്; ഇറച്ചി നിരോധനത്തിനെതിരെ തൃണമൂൽ എംപി
മാംസ നിരോധനത്തെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇഷ്ടമുള്ളപ്പോഴെല്ലാം മാംസം കഴിക്കാനും വിൽക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് മഹുവ. നവരാത്രിക്ക് മുന്നോടിയായി ഇറച്ചിക്കടകൾക്ക് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ദക്ഷിണ ഡൽഹി നിവാസി കൂടിയായ ലോക്‌സഭാ എംപിയുടെ വിമർശനം. ഞാൻ സൗത്ത് ഡൽഹിയിലാണ് താമസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോൾ മാംസം കഴിക്കുന്നതിനും, കടയുടമയ്ക്ക് മാംസക്കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്” – മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ്റെ ഉത്തരവാണ് വിവാദമായത്. നവരാത്രിയ്ക്ക് മുന്നോടിയായി ഇറച്ചിക്കടകൾ അടച്ചിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.