
അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോളഭക്ഷ്യ ക്ഷാമം നീക്കാമെന്ന് പുടിൻ
അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന അവകാശ വാദവുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശൽ. യുക്രൈൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ അനുവദിക്കാത്തതാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാൻ കാരണം. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് പുടിൻ ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചത്. യുക്രൈനും റഷ്യയുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലിൽ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പൽ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രൈൻ തുറമുഖങ്ങളിൽ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടികിടക്കുന്നത്.