
ഗോതമ്പിന്‍റെ കയറ്റുമതി വിലക്ക് ഇന്ത്യൻ കർഷകരെ തിരിച്ചടിച്ചു; വില കുത്തനെ കുറഞ്ഞു
ദില്ലി: റഷ്യ – യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയർന്നപ്പോൾ ഇന്ത്യ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയത് ലോക രാഷ്ട്രങ്ങൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. പിന്നാലെ ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയർന്നു. എന്നാൽ കയറ്റുമതി വിലക്കേർപ്പെടുത്തിയതോടെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതി കഷ്ടത്തിലായി. ആഭ്യന്തര വിപണിയിൽ വില തിരിച്ചടിച്ചതോടെ കർഷകരും വ്യാപാരികളും കടുത്ത നിരാശയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാനാണ് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം.
ലോകത്തിലെ ഏറ്റവും മികച്ച ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യയിൽ നിന്നും ഉക്രെയ്‌നിൽ നിന്നുമുള്ള വിതരണം കുറഞ്ഞതിനൊപ്പം ഇന്ത്യയുടെ നീക്കവും ഗോതമ്പ് ഉപഭോക്തൃ രാജ്യങ്ങൾക്ക് തിരിച്ചടിയായിരുന്നു. ചിക്കാഗോയിലെയും യൂറോപ്പിലെയും കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഗോതമ്പിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു