കൊവിഡ് കേസുകളിൽ നേരിയ വർധന; കേരളം ഉൾപ്പടെ 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്
ദില്ലി: കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. കൊവിഡ് കേസുകളിൽ (Covid) നേരിയ വർധന ഉണ്ടായതിന് പിന്നാലെ ആണ് ജാഗ്രതാ മുന്നറിയിപ്പ്. കൊവിഡ് വ്യാപന തോത് സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കേരളത്തില്‍ 353 പേര്‍ക്ക് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,339 ആയി.