രണ്ട് വർഷത്തിന് ശേഷം യുഎഇയിൽ മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിലേക്ക്; സ്‌കൂളുകൾ നാളെ തുറക്കും
യുഎഇ : 3 ആഴ്ചത്തെ അവധിക്കുശേഷം യുഎഇയിലെ സ്‌കൂളുകൾ നാളെ തുറക്കും. 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് എടുത്തവർക്കു മാത്രമാണു പ്രവേശനം. 2 വർഷത്തിനു ശേഷമാണു യുഎഇയിലെ മുഴുവൻ വിദ്യാർഥികളും സ്‌കൂളിൽ നേരിട്ടു പഠിക്കാനെത്തുന്നത്. വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഉള്ള സ്‌കൂളുകളാണു നാളെ തുറക്കുക. ദുബായിലെ സ്‌കൂളുകൾ കഴിഞ്ഞ ആഴ്ച തുറന്നിരുന്നു.ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയനം ആരംഭിക്കുമ്പോൾ പ്രാദേശിക, വിദേശ സിലബസ് സ്‌കൂളുകൾ മൂന്നാംപാദ പഠനച്ചൂടിലേക്കു കടക്കും. ഇവർക്കു സെപ്റ്റംബറിലാണ് പുതിയ അദ്ധ്യയനം തുടങ്ങുക. വിദ്യാർത്ഥികൾ 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായാണ് സ്‌കൂളിൽ എത്തേണ്ടത്. എത്തുന്നതിനു മുൻപു പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം അതത് സ്‌കൂളിന്റെ പോർട്ടലിലോ ഗൂഗിൾ ലിങ്കിലോ അപ് ലോഡ് ചെയ്യുകയും വേണം.