‘ചെയര്‍മാന്‍റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം’; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കയാണ്. ചെയര്‍മാന്‍റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അസോസിയേഷന്‍റെ നിലപാട്. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നേതാക്കളുമായും ചെയർമാനുമായും കൂടിക്കാഴ്ച നടത്തും.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വൈദ്യുതി ഭവന്‍ ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷന്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. കെഎസ്ഇബിയിലെ പ്രശ്നങ്ങൾ നീണ്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെയും ആവർത്തിച്ചിരുന്നു. കെഎസ്ഇബിയിലെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ച് കഴിഞ്ഞു. പ്രശ്നങ്ങൾ നീണ്ട് പോയാൽ അത് എല്ലാവർക്കും പ്രതിസന്ധി സൃഷ്ടിക്കും. കെഎസ്ഇബിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുടെ വളർച്ച കാണാതിരുന്നു കൂടാ.
മാനേജ്മെന്റോ യൂണിയനോ ആവശ്യപ്പെട്ടാൽ പ്രശ്ന പരിഹാരത്തിന് ഇടപെടും. തിങ്കളാഴ്ച്ച ഔദ്യോഗിക ചർച്ചയില്ല, കൂടിക്കാഴ്ച നടത്തും. ബോർഡ് തലത്തിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു (CITU) തന്നെ സമരം നയിക്കുന്നതിൻറ സമ്മർദ്ദത്തിലാണ് ഇടത് സർക്കാർ. ഘടകകക്ഷി മന്ത്രിമാർ ഭരിക്കുന്ന കെഎസ്ഇബിയിലും കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയിലും പ്രക്ഷോഭത്തിൻറെ മുൻനിരയിൽ സിപിഎം യൂണിയൻ നിൽക്കുന്നത് അസാധാരണ സാഹചര്യമാണ്.