പ്രതിഷേധങ്ങളെ അവഗണിച്ച് ഇന്നും സർവേ തുടരാൻ കെ റെയിൽ; ഉദ്യോഗസ്ഥരെ തടയുമെന്ന് സമരക്കാർ

0

കണ്ണൂര്‍: കണ്ണൂരിൽ പ്രതിഷേധങ്ങളുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ഇന്നും സില്‍വര്‍ ലൈന്‍ സർവ്വേ തുടരുമെന്ന് ഉദ്യോഗസ്ഥർ. ചാല മുതൽ തലശ്ശേരി വരെയുള്ള കല്ലിടൽ ജോലിയാണ് ഇനി ബാക്കിയുള്ളത്. രാവിലെ പത്ത് മണി മുതലാണ് കല്ലിടൽ ജോലി ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും സമര സ്ഥലത്ത് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്നലെ നാട്ടിയ കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റി റീത്ത് വച്ചിരുന്നു.

പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. കണ്ണൂർ ചാലയില്‍ കെ റെയിൽ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാർ തടയിരുന്നു. ചാലയിൽ ഇന്ന് നാട്ടിയ കുറ്റികൾ മിനുട്ടുകൾക്കകം പ്രതിഷേധക്കാര്‍ പിഴുത് മാറ്റി. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് പിഴുതെറിഞ്ഞത്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ സർവേക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി. ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തിയതാണ് വിവാദമായത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ചു.

You might also like