പാലാരിവട്ടം അഴിമതി കേസിൽ സർക്കാരിന്റെ മെല്ലെപ്പോക്ക്; അന്വേഷണം പൂർത്തിയായി ഒരു വർഷമായിട്ടും കുറ്റപത്രമായില്ല

0

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ (Palarivattom Corruption Case) കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി ഒരു വർഷമായിട്ടും മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞടക്കമുള്ളവരുടെ പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാൻ സർക്കാർ തീരുമാനം എടുക്കാത്തതാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്.

ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയുടെ നഗ്നമായ ഉദാഹരണങ്ങളിലൊന്നായാണ് പാലാരിവട്ടം മേൽപ്പാലം അഴിമതി. ചട്ടം ലംഘിച്ച് സ്വന്തക്കാർക്ക് ലാഭമുണ്ടാക്കാൻ അന്നത്തെ മന്ത്രിയും പൊതുമരമത്ത് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഗൂഢാലോചന നടത്തിയപ്പോൾ സർക്കാർ ഖജനാവിന് നഷ്ടം വന്നത് 8.25 കോടി രൂപയാണ്. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പഴാണ് മേൽപ്പാലം അഴിമതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. 2019 മാർച്ചിൽ റോഡ്സ് ആന്‍റ് ബ്രിജ്ഡസ് കോർപ്പേറേഷൻ, കിറ്റ്കോ, കരാറുകാരൻ അടക്കമുള്ളവരെ പ്രതിയാക്കി വിജിലൻസ് കേസെടുത്തു. കേസിൽ മന്ത്രി വികെ ഇബ്രാഹിം കു‍ഞ്ഞ്, മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്, മുൻ റോഡ്ജ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ എം ഡി മുഹമ്മദ് ഹനീഷ്, അടക്കമുള്ള പ്രമുഖർ കേസിൽ പ്രതികളായി. പക്ഷെ അന്വേഷണം പൂർത്തിയായി ഒരു വ‌ർഷം കഴിഞ്ഞിട്ടും കുറ്റപത്രം മാത്രമില്ല.

You might also like