പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. നഗര പ്രദേശങ്ങളേയും ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവാണ് ഇപ്പോഴുള്ളത്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ രംഗത്ത് എത്തി. ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

You might also like