പെട്രോള്‍ പമ്പുകളില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ചു; പിടിയിലായ പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്
റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പുകളുടെ മീറ്ററുകളില്‍ കൃത്രിമം കാണിച്ചതിന് പിടിയിലായ പ്രവാസികളെ നാടുകടത്തും. ഇതിനായി ഇവരെ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. പിന്നീട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തിലായിരിക്കും ഇവരെ സ്വന്തം രാജ്യത്തേക്ക് അയക്കുകയെന്ന് മൂന്ന് ഏജന്‍സികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്‍താവനയില്‍ പറയുന്നു.
സൗദി വാണിജ്യ മന്ത്രാലയം, ഊര്‍ജ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് രാജ്യത്തെ നിരവധി പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തിയത്. പമ്പുകളിലെ നിയമവിരുദ്ധ പ്രവണതകള്‍ സംബന്ധിച്ച് നിരവധി ഉപഭോക്താക്കള്‍ വാണിജ്യ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വ്യാപക പരിശോധന.